Monday, September 24, 2012

താരകതിലകം


മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകേട്ടനെ ഞാന്‍ ആദ്യമായി കണ്ടത്‌ 1986-ല്‍ 'എന്നെന്നും കണ്ണേട്ടന്റെ' ചിത്രീകരണത്തിന് നിലമ്പൂരില്‍ അദ്ദേഹം വന്നപ്പോഴാണ്. അതില്‍ അദ്ദേഹത്തോടൊപ്പം നെടുമുടിവേണുവും ജഗതിയും അഭിനയിച്ചിരുന്നു. (നെടുമുടി അപ്പൂപ്പന്‍ ആയും തിലകന്‍ മകനായും).

അന്ന് ഞാന്‍ സ്കൂള്‍ ക്ലാസ്‌ കട്ട് ചെയ്ത് ദിവസം മുഴുവനും ഷൂട്ടിംഗ് കണ്ടു നില്‍ക്കുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്നെ സെറ്റിലെ പലര്‍ക്കും പരിചിതമായി. (അവരുടെ വ്യൂ പോയന്റില്‍ ഒരു വായ്‌നോക്കി ആയിട്ടാവാം.) പരുക്കനായ തിലകേട്ടന്‍ സെറ്റില്‍ ആരോടും അടുക്കാതെ എപ്പോഴും തനിച്ചിരിക്കുന്നത് കണ്ടു. ജഗതി എത്തിയാല്‍ സെറ്റ്‌ ആകെ രസമയം ആകുമ്പോഴും ചിരിയില്‍ കൂടാതെ തിലകേട്ടന്‍ മാറിതന്നെ ഇരുന്നു.

അന്നൊക്കെ എന്നിലെ സിനിമാഭ്രമം സ്വപ്നമായി തന്നെ കിടന്നു. യാദൃശ്ചികമായി 2010-ല്‍ തിലകേട്ടന്‍ അഭിനയിച്ച വിനയന്‍ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ മജിസ്റ്റ്രേറ്റ് വേഷം എനിക്ക് ചെയ്യാന്‍ അവസരം കിട്ടി. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നുവെങ്കിലും ആ  നടനതിലകത്തിന്റെ സിനിമയില്‍ എനിക്ക് കിട്ടിയ ഒരു പുരസ്കാരം ആയി ഞാന്‍ കാണുന്നു.

സിനിമയില്‍ പലവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട ആ അഭിനേതാവിന് വിനയന്‍ എന്ന ഒറ്റയാന്‍ ആണ് നല്ലൊരു വേഷം ഈ സിനിമയില്‍ നല്‍കിയത്‌. അതിനു ശേഷമാണ് രഞ്ജിത്ത് 'ഇന്ത്യന്‍ റൂപ്പി'യില്‍ അസാധ്യകഥാപാത്രം നല്‍കിയത്‌. പക്ഷെ, ഇന്ന് ടിവിയില്‍ ഒക്കെ വാര്‍ത്താവായനക്കാര്‍ വിനയനെ പരാമര്‍ശിച്ചത് കണ്ടില്ല. ഇന്ത്യന്‍ റൂപ്പിയും രഞ്ജിത്തും ആണ് തിലകനെ തിരികെ മലയാളസിനിമയില്‍ കൊണ്ടുവന്നത് എന്നാക്കി അവര്‍ നമ്മുടെ ചെവിയില്‍ എത്തിച്ചു.

സ്കൂള്‍ കട്ട് ചെയ്ത് അന്ന് അദ്ദേഹം ഒക്കെ അഭിനയിക്കുന്നത് വാപൊളിച്ച് നോക്കി നിന്ന ഞാന്‍ ഇന്ന് ഓഫീസില്‍ പോകാതെ ആ മഹാകലാകാരന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികള്‍ ..

Tuesday, May 15, 2012

സീമേച്ചിയെ കണ്ട മുഹൂര്‍ത്തം

തിരുവനന്തപുരത്ത്‌ ഞാന്‍ ജൂനിയര്‍ നടനായി വാണിരുന്ന കാലം വീണ്ടും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. ഇപ്രാവശ്യം നിങ്ങളുമായി പങ്കിടുന്ന അനുഭവകഥ തുടങ്ങട്ടെ..

അതിനു മുന്‍പേ ആമുഖം പോലെ ഒരു സീന്‍ തരാം. 'നാടോടിക്കാറ്റ്' സിനിമയില്‍ നടനാവാന്‍ വേണ്ടി ശ്രമിക്കുന്ന 'വിജയന്‍ ' കഥാപാത്രമായ ശ്രീനിവാസന്‍ ഐ.വി.ശശിയെ തേടി വീട്ടില്‍ ചെല്ലുമ്പോള്‍ സീമയെ കാണുന്നതും 'അവളുടെ രാവുകള്‍ ' എത്ര വട്ടം കണ്ടിരിക്കുന്നുവെന്ന് പറയുന്നതും ഓര്‍മ്മയില്ലേ.. 

എനിക്ക് ഏതായാലും സീമചേച്ചിയെ കാണാന്‍ മദ്രാസിലോ ഭരണിയിലോ പോകേണ്ടിവന്നില്ല. അത് വഴിയേ പറയാം. അങ്ങനെ ഞാന്‍ ഏതാനും സീരിയലുകളില്‍ വേഷം കെട്ടി ജീവിക്കും കാലം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌ മാനേജര്‍ സലിംഭായ്‌ വിളിച്ചു, വേഗം മേരിലാന്റ് സ്റ്റുഡിയോയില്‍ എത്താന്‍ ആവശ്യപ്പെട്ടു. എന്താ വേഷം എന്ന് ചോദിച്ചപ്പോള്‍ ഒരു കള്ളന്‍ വേഷം എന്നറിയിച്ചു. അപ്പോള്‍ ഇന്നലെ അഭിനയിച്ച പോലീസ്‌ വേഷമോ എന്ന് ചോദിച്ചപ്പോള്‍ അത് വേറെ സീരിയലില്‍ അല്ലേ എന്നായി. കള്ളന്‍ എങ്കില്‍ കള്ളന്‍ . ഞാന്‍ നേരെ അങ്ങോട്ട്‌ ബസ്സ്‌ കയറി പുറപ്പെട്ടു.

സത്യന്‍ , നസീര്‍ , ജയന്‍ കാലം മുതല്‍ ചരിത്രം പേറി നില്‍ക്കുന്ന മേരിലാന്റ് സ്റ്റുഡിയോയുടെ കവാടം കടന്ന് ഞാന്‍ നടന്നു. കോടതിയുടെ സെറ്റ്‌ ഇട്ടിരിക്കുന്ന സ്ഥലത്തെത്തി നോക്കുമ്പോള്‍ നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ അന്തംവിട്ട പോലെ ഞാനും വാ പൊളിച്ചുപോയി. നേരെ മുന്നില്‍ ഒരു കസേരയില്‍ ജ്യൂസ് കുടിച്ചുകൊണ്ട് മജിസ്ട്രേറ്റ്‌ വേഷത്തില്‍ ഇരിക്കുന്നു നമ്മുടെ സീമേച്ചി..! മുഖത്തിന്‌ പ്രായം തോന്നുന്നെങ്കിലും ശരീരത്തിന് വലിയ മാറ്റം ഒന്നും കണ്ടില്ല. 'പടച്ചോനേ ഇത് സീമ ആന്‍റിയല്ലേ?' എന്ന് ചോദിക്കാന്‍ വാ തുറന്നെങ്കിലും സലിംഭായ്‌ കൈകൊട്ടി എന്നെ വിളിച്ചു. വേഗം പോയി വസ്ത്രം മാറാന്‍ ആക്ഞാപിച്ചു. ഞാന്‍ പോയി ഒരു വരയന്‍ ടീഷര്‍ട്ടും പാന്‍സും മാറി വന്നു. 

അന്ന് സീരിയലില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്നത്തെ മലയാളസിനിമയിലെ തിരക്കുള്ള താരം അനൂപ്‌മേനോന്‍ കുറ്റവാളിയായ കഥാപാത്രമായി വേഷമിട്ട് ആരോടോ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ഉലാത്തുന്നത് കണ്ടു. അന്നത്തെ സീരിയല്‍ സംവിധായകനും ഇന്നത്തെ മലയാള സിനിമാസംവിധായകനുമായ ഡോ.ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ തിരക്കിട്ട് നോക്കികൊണ്ട് ഒരു കസേരയില്‍ ഇരിക്കുന്നുണ്ട്. ഇപ്പോള്‍ വിളിക്കും എന്ന പ്രതീക്ഷയില്‍ ഊഴം കാത്തിരിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ നോക്കികൊണ്ട് സഹസംവിധായകന്‍ വാവ നടന്നുവന്നു. കോഴിക്കൂട്ടത്തില്‍ നിന്നും അറുക്കാന്‍ വേണ്ടി ഒന്നിനെ എടുക്കുന്നപോലെ വാവ തിരഞ്ഞെടുത്തത്‌ എന്നെ! കൂടെ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ വിചാരിക്കുനതിനും മുന്‍പേ എന്റെ കാലുകള്‍ എന്നെ വഹിച്ച് കൊണ്ടുപോയി.

"ഡയലോഗ് തന്നാല്‍ തെട്ടിക്കുമോടെയ്?" വാവ ചോദിച്ചു.

"ഡയലോഗ് തന്നു നോക്കൂ. തെറ്റില്ല സര്‍ " ഞാന്‍ പറഞ്ഞു.

"ശരി അകത്തേക്ക് വരൂ.." വാവ കോടതിയുടെ അകത്തേക്ക്. ഞാന്‍ പിറകെ..

"ആ കൂട്ടില്‍ പോയി നിന്നോളൂ" - പ്രതിക്കൂട് കാണിച്ചുകൊണ്ട് വാവ പറഞ്ഞു. ഞാന്‍ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് അതില്‍ കയറി. എന്റെ കണ്ണുകളെ തള്ളിച്ചുകൊണ്ട്, വാ തുറപ്പിച്ചുകൊണ്ട് സാക്ഷാല്‍ സീമേച്ചി സ്ലോമോഷനില്‍ എന്റെ മുന്നിലൂടെ ജഡ്ജി ഇരിക്കുന്ന കസേര ലക്ഷ്യമാക്കി നീങ്ങുന്നു! ജഡ്ജിയുടെ വസ്ത്രങ്ങള്‍ ഇട്ട സീമേച്ചിയുടെ സ്ഥാനത്ത്‌ ഞാന്‍ കണ്ടത്‌ 'അവളുടെ രാവുകളി'ലെ കുപ്പായം മാത്രമിട്ട് തുട നോക്കുന്ന സീമെച്ചിയെ ആയിപ്പോയി. ജഡ്ജിയായ സീമേച്ചി കസേരയില്‍ ഇരുന്നു. നായകന്‍ ലോറിക്കാരന്‍ നോബിള്‍ ആയിമാറിയ അനൂപ്‌മേനോനും സുഹൃത്തായി അഭിനയിക്കുന്ന മറ്റൊരു നടനും പ്രതിക്കൂട്ടിനു സമീപം നില്‍ക്കുന്നു. സഹസംവിധായകന്‍ വാവ അവര്‍ക്ക്‌ എടുക്കാന്‍ പോകുന്ന സീന്‍ പറഞ്ഞുകൊടുത്തു. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നവനെ പോലെ ഞാന്‍ കാതുകൂര്‍പ്പിച്ച് കേട്ടുനിന്നു.

ക്യാമറയും ലൈറ്റും ഒക്കെ റെഡിയായപ്പോള്‍ സംവിധായകന്‍ ഡോ.ബാബു ജനാര്‍ദ്ദനന്‍ വന്നു രംഗമൊക്കെ നിരീക്ഷിച്ചു ചോദിച്ചു: "എവിടെ കള്ളന്‍ ?"

വാവ എന്നെ ചൂണ്ടികാണിച്ചു. കള്ളനെ ബോധിച്ചപോലെ അദ്ദേഹം മോനിട്ടറിനു മുന്നില്‍ പോയി ഇരുന്നു. വാവ എന്റെ അരികില്‍ ഓടിവന്നു രംഗം പറഞ്ഞുതന്നു. ചളം ആക്കരുത് എന്ന് മന്ത്രിച്ചു. എന്റെ ഉള്ളില്‍ തീകനല്‍ നീറിവന്നു. കുട്ടിക്കാലത്ത്‌ കാണാന്‍ കൊതിച്ചിരുന്ന സീമയുടെ കൂടെ ഒരുമിച്ച് അഭിനയിക്കാന്‍ കിട്ടിയ അവസരം. അന്ന് അനൂപ്‌മേനോന്‍ താരം ആയിരുന്നില്ല. ഇന്നവന്‍ താരമായത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. 

"സ്റ്റാര്‍ട്ട്, ആക്ഷന്‍ , ക്യാമറാ" കേട്ടതും ഞാന്‍ കള്ളനെ പോലെ കൈകൂപ്പി നിന്നു. വക്കീല്‍ വേഷം ചെയ്യുന്ന പൂജപ്പുര രവി എന്നോട് ചോദിച്ചു. "എവിടെ വെച്ചാണ് നിങ്ങള്‍ സംഭവം കണ്ടത്‌?" ഞാന്‍ പറഞ്ഞു. "ഓര്‍മ്മയില്ല സാര്‍ " എന്റെ കണ്ണുകള്‍ അപ്പോഴും ജഡ്ജിയായി അഭിനയിക്കുന്ന സീമേച്ചിയുടെ മുഖത്തായിരുന്നു.

"കട്ട് " സംവിധായകന്‍ അലറി. ഞാന്‍ സ്വബോധത്തില്‍ ഞെട്ടി. ഞാന്‍ എഴുതാത്ത ഡയലോഗ് താന്‍ എവിടെനിന്നാടോ കാച്ചിയത്? അയാള്‍ ദേഷ്യപ്പെട്ടു. ശരിയാ ഞാന്‍ എന്ത് ധൈര്യത്തിലാ "ഓര്‍മ്മയില്ല സാര്‍ " എന്ന് ഡയലോഗ് അടിച്ചത്? എല്ലാത്തിനും കാരണം സീമേച്ചിയാണ്. അവരുടെ വശ്യരൂപത്തില്‍ ഞാന്‍ മതിമറന്നുനിന്നതാണ് ഹേതു. അവര്‍ എന്നെ തുറിച്ചു നോക്കി. അനൂപ്‌മേനോന്‍ സാരമില്ല എന്ന മട്ടില്‍ എന്നെ നോക്കി ചിരിച്ചു. വാവ എന്റെ നേരെ നോക്കി നാവ്‌ കടിച്ചു. അതിനര്‍ത്ഥം ഇനി തെറ്റിച്ചാല്‍ ഞാന്‍ പുറത്ത്‌ എന്നാണു.

വീണ്ടും രംഗം ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങി. അതില്‍ ഞാന്‍ പോലീസ്‌ വേഷമിട്ട ജൂനിയര്‍ നടന്മാര്‍ക്കൊപ്പം പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങി നടക്കണം. അന്നേരം അനൂപ്‌മേനോന്‍ 'ലോറിക്കാരന്‍ നോബിള്‍ ആയി കൂട്ടില്‍ കയറണം. ഇതാണ് രംഗം. ഞാന്‍ പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങാന്‍ അല്പം താമസിച്ചുപോയി. അതിനും സംവിധായകന്‍ അലറി പറഞ്ഞു "കട്ട്" എന്താടോ താന്‍ പെരുമ്പാമ്പിനെ വിഴുങ്ങിയാണോ നില്‍ക്കുന്നത്‌. ഇറങ്ങി നടക്കെടോ" എന്നു കേട്ടപ്പോഴാണ് ഞാന്‍ കൂട്ടില്‍ നിന്നും ഇറങ്ങിനടന്നത്. 

സത്യത്തില്‍ ഇതിനും കാരണം സീമേച്ചിയുടെ മാസ്മരിക കാന്തവലയം തന്നെ! അത് ഏകദേശം സെറ്റിലെ എല്ലാവര്ക്കും തോന്നിയോ എന്ന് എനിക്ക് തോന്നി. വാവയും സംവിധായകനും എന്തോ പറഞ്ഞു ചിരിക്കുന്നത് കണ്ടു. അനൂപ്‌മേനോന്‍ അര്‍ഥം വെച്ച നോട്ടം നോക്കി. 

സീരിയലിന്റെ പേര് 'മുഹൂര്‍ത്തം'. അങ്ങനെ എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം ആയിരുന്നു ആ സീരിയല്‍ കോടതിയില്‍ അരങ്ങേറിയത്‌.

Friday, July 29, 2011

നോമ്പുകാലത്തെ രാത്രി പടം.

നിസ്കാരം കഴിഞ്ഞ ഉമ്മുമ്മ നോക്കിയത് എന്റെ മുഖത്ത്. ഞാന്‍ തല ചൊറിഞ്ഞുകൊണ്ട് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു:

"ഉമ്മുമ്മാ പൂക്കോട്ടുംപാടം അങ്ങാടീല് ചുഴലി അബൂബക്കര്‍ മുസ്ല്യാരുടെ വയള് ഉണ്ട്. (വയള് - മതപ്രസംഗം). ഞാനും മാമയും കേള്‍ക്കാന്‍ പോകട്ടെ?"

ഉമ്മുമ്മ സന്തോഷച്ചിരിയോടെ തലയാട്ടി പറഞ്ഞു : "അങ്ങനെ നല്ല കാര്യമൊക്കെ ചെയ്യ്‌. റമളാനില്‍ പുണ്യകാര്യം ചെയ്‌താല്‍ നൂറിരട്ടിയാ പടച്ചോന്‍ കൂലി തരിക.  ഉം പോയി കേട്ടിട്ട് വാ."

അപ്പോഴേക്കും മാമ മുണ്ടും കുപ്പായവും ഇട്ടു റെഡി ആവാന്‍ തുടങ്ങിയിരുന്നു. നേരിയ കുറ്റബോധം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല. ചുഴലി മുസ്ല്യാരെ അല്ലാലോ രജനീകാന്ത് സിനിമ ആണല്ലോ കാണാന്‍ പോകുന്നത്. മാമ സൈക്കിള്‍ എടുത്ത് മുറ്റത്ത്‌ ഇറക്കി കയറി എന്നെ കാത്തുനിന്നു.

നിലാവുള്ള ആ രാത്രിയില്‍ സൈക്കിളില്‍ ഞങ്ങള്‍ പൂക്കോട്ടുംപാടം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഇളംകാറ്റ്‌ വീശുന്നുണ്ടായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ എവിടെനിന്നോ കുറ്റിചൂളാന്‍ പക്ഷിയുടെ മാസ്മരിക ചൂളംവിളി കേള്‍ക്കുന്നുണ്ട്. ഉണക്കയിലകള്‍ക്ക്‌ ഇടയില്‍ ഒളിച്ച് ഇരിപ്പുള്ള പലതരം പ്രാണികളുടെ സംഗീതകച്ചേരി കേട്ടുകൊണ്ട് ഞങ്ങള്‍ ഒരു വല്ലാത്ത മൂഡില്‍ സൈക്കിളില്‍ പൊതുപാതയില്‍ പ്രവേശിച്ചു. ദൂരെ എവിടെയോ നിന്ന് കുറുക്കന്മാരുടെ ഓരിയിടല്‍ കാറ്റില്‍ അലച്ചുവന്നു. പിറകില്‍ ഇരുന്നുകൊണ്ട് ഞാന്‍ മാമയെ തള്ളി സൈക്കിളിന്റെ വേഗം കൂട്ടാന്‍ പറഞ്ഞു.

പേടി മാറാന്‍ ഞാന്‍ ഓരോരോ പാട്ടുകള്‍ മൂളി. മാമയും പാടി. ഞങ്ങളേയും വഹിച്ച് സൈക്കിള്‍ വിജനമായ പാതയിലൂടെ വളഞ്ഞു പുളഞ്ഞ് പോയികൊണ്ടിരുന്നു. നിലാവുള്ള ആകാശത്ത് നോക്കുമ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്ന്‍ വരുന്ന പൂര്‍ണ്ണചന്ദ്രന്‍ ഇടയ്ക്കിടെ മേഘക്കൂട്ടത്തില്‍ ഒളിക്കുന്നു പിന്നെ തെളിയുന്നു. പാതയോരത്തെ ഒരു വാഴത്തോട്ടത്തില്‍ നിന്നും വലിയൊരു വവ്വാല്‍ സ്ലോമോഷനില്‍ പാറി പോകുന്നത് ഒരു നിഴല്‍ പോലെ നിലാവില്‍ കണ്ടു. പണ്ട് വായിച്ച 'ഡ്രാക്കുള' കഥ മനസ്സില്‍ എത്തി. പിന്നിട്ട പാതയോരത്തെ ഇരുളില്‍ നോക്കാന്‍ പേടിയായി. ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് ഇരുന്നു.

ഒടുവില്‍ പൂക്കോട്ടുംപാടം എത്തി. അവിടെ നിന്നും സരണി ടാക്കീസ് ഉള്ള റോഡിലേക്ക്‌ ഞങ്ങള്‍ തിരിഞ്ഞു. ഒരു ചായമക്കാനി കണ്ടു. ഓരോ കട്ടന്‍ ചായ കുടിച്ച് ഞങ്ങള്‍ സരണിയില്‍ എത്തി. പടം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്. ആളെക്കൂട്ടാനുള്ള പാട്ട് കോളാമ്പി മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്. ഏതോ ജയന്‍ സിനിമയിലെ പാട്ട് ആയിരുന്നു എന്ന് തോന്നുന്നു. മൂന്ന്‍ രൂപയുടെ ടിക്കറ്റില്‍ ഞങ്ങള്‍ അകത്തു കയറി. സെക്കന്റ് ഷോ ആയതിനാല്‍ ആളുകള്‍ അധികമൊന്നും ഇല്ല.  പരസ്യ സ്ലൈഡുകള്‍ തുടങ്ങി. പിന്നെ ഒരു പൊട്ടലും ചീറ്റലും കഴിഞ്ഞ് വെട്ടുവരകള്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന ദൃശ്യങ്ങള്‍ പുകമൂലം മഞ്ഞയായി തുടങ്ങിയ വെള്ളിത്തിരയില്‍ പത്യക്ഷമായി. തുറന്നുകിടക്കുന്ന വാതിലിനപ്പുറം നിലാവെളിച്ചത്തില്‍ മുങ്ങിയ റബ്ബര്‍തോട്ടങ്ങള്‍ കാണാം. നല്ല ഇളം കാറ്റ്‌ വരുന്നുണ്ട്. ഏതാനും ആളുകള്‍ ബീഡി പുകച്ച് ആസ്വദിച്ച് അങ്ങിങ്ങായി ഇരുന്നു കാലുകള്‍ മുന്നിലെ സീറ്റില്‍ വെച്ച് ഇളക്കികൊണ്ടിരിക്കുന്നു.

വലിയ സ്ക്രീനില്‍ വലിയൊരു നിഴല്‍ പ്രത്യക്ഷപ്പെട്ടു. അത് ഒരു വശത്ത് നിന്നും മറുവശത്തേക്ക് നീങ്ങി. രണ്ടു വലിയ ആന്റിനകള്‍ ഇളക്കി ആറു നാരുപോലത്തെ കാലുകള്‍ ഉള്ള വിചിത്രരൂപം കണ്ടു ഞാന്‍ മാമയെ ഇറുക്കിപ്പിടിച്ച് വിറച്ചു. പിന്നെ മനുഷ്യവിരലുകളുടെ വലിയൊരു നിഴല്‍ സ്ക്രീനില്‍ നീങ്ങുന്ന ആ സത്വത്തെ തട്ടിമാറ്റി. അങ്ങിങ്ങായി ഇരുന്ന ആള്‍ക്കാര്‍ കൂക്കിവിളിച്ചു.

മാമ കൂള്‍ ആയി എന്നോട് പറഞ്ഞു. "പേടിക്കേണ്ട. അത് ഒരു കൂറയോ പാറ്റയോ ആണ്. ഫിലിം പ്രോജക്ടറില്‍ കുടുങ്ങിയ പാവം ജീവി ലെന്‍സിലൂടെ ഇത്രേം വലിയ ഭീകരജീവിയായതാ. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അത് ശരി. അപ്പോള്‍ ഇതിവിടെ പതിവുപരിപാടിയാണ് എന്നാശ്വസിച്ചു സിനിമയില്‍ മുഴുകി ഞാന്‍ ഇരുന്നു. രജനീകാന്ത്‌ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല. സില്‍ക്ക്‌ സ്മിത പ്രത്യക്ഷപ്പെട്ട് അധികനേരം ആയില്ല തുറന്നുകിടക്കുന്ന വാതില്‍ വഴി എന്തോ ഒരു സാധനം മൂളലോടെ ആരോ എറിഞ്ഞ കല്ല് പോലെ വന്നു ഞങ്ങളിരുന്ന സീറ്റിനു മുന്നില്‍ വന്നു വീണു. കാലുകള്‍ ഞാന്‍ പോലും അറിയാതെ സീറ്റിലേക്ക്‌ ഉയര്‍ന്നു. മാമാ എന്നൊരു വിളി എന്റെ വായില്‍ തങ്ങിനിന്നു.

മാമ കൂള്‍ ആയി എഴുന്നേറ്റ്‌ ചെന്ന് ആ വന്നുവീണ സാധനത്തെ കാലുകൊണ്ട് തട്ടി പുറത്തേക്കു നീക്കി കളഞ്ഞു. അതിന്റെ മൂളല്‍ കേള്‍ക്കാം. എന്നിട്ട് തിരികെ വന്നു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുന്നു സിനിമ കാണാന്‍ തുടങ്ങി.

"നീ പേടിക്കേണ്ട. അതൊരു വല്യ വണ്ട്‌. ഒന്നും ചെയ്യില്ല. പക്ഷെ വല്ലാത്ത നാറ്റമാണ്. ന്നാ മണത്തുനോക്ക്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അതിന്റെ വല്ലാത്ത നാറ്റം മാമയുടെ വിരലില്‍ നിന്നും എന്റെ മൂക്കില്‍ എത്തി. എനിക്ക് സിനിമയില്‍ ശരിക്കും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഇനി ആരാണാവോ അടുത്തതായി വരുന്നത് എന്ന വെവലാതിയില്‍ ഞാന്‍ തലയ്ക്ക് മുകളിലൂടെ വെള്ളിത്തിര ലക്ഷ്യമാക്കി പായുന്ന പ്രോജകടര്‍ ദ്രുശ്യവെളിച്ചത്തില്‍ നോക്കി. പെട്ടെന്ന് ഒരു ചിലങ്കയുടെയോ ചങ്ങലയുടെയോ ശബ്ദം കേള്‍ക്കായി. അതിട്ട് ആരോ വേഗത്തില്‍ ഓടിവരുന്നപോലെ. ഞാന്‍ പിന്നെയും മാമയെ കേറിപ്പിടിച്ച് പേടിച്ച് ഇരുന്നു. ആ ചിലങ്ക ചങ്ങല ശബ്ദം ഒരു സൈഡിലൂടെ ദൂരേക്ക്‌ അകന്നുപോയി.

"നീ പിന്നേം പേടിച്ചോ? അത് ഒരു ചുണ്ടെലിയാണ്. ഇവിടെ താമസിക്കുന്ന ഒരു പാവം ജീവി. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

അങ്ങനെ ഇടവേളയായി. ഞങ്ങള്‍ പുറത്ത്‌ ഇറങ്ങി. മതിലിനു അരികില്‍ ബീഡി പുകച്ച് മൂത്രം ഒഴിക്കുന്ന കാണികള്‍ നിരന്നു നില്‍ക്കുന്നു. ഞങ്ങളും ആ കൂട്ടത്തില്‍ കൂടി. പ്രോജകടര്‍ മുറിയുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കി. ഒരു വയസ്സന്‍ ഓപ്പറേറ്റര്‍ ഫിലിം റോളുകള്‍ റെഡിയാക്കുന്നുണ്ട്. ഒരു ഫിലിം റോള്‍ തര്വോ എന്ന് ചോദിച്ചു. അയാള്‍ പുഞ്ചിരിച്ച് കൊണ്ട് ഒരു കഷ്ണം ഫിലിം തന്നു. ഞാന്‍ സൂക്ഷിച്ച് നോക്കി. ഏതോ സിനിമയുടെ രംഗങ്ങള്‍. സുകുമാരനും സോമനും ആണെന്ന് തോന്നുന്നു. സന്തോഷത്തോടെ ഞാന്‍ അതും കീശയിലിട്ടു ഓടി.

ഇടവേളയ്ക്ക് ശേഷം പടം തുടര്‍ന്നു. ശിവാജി ഗണേശനും രജനീകാന്തും മത്സരിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ മിന്നിമറഞ്ഞു. കൈയ്യിലൂടെ എന്തോ അരിച്ചരിച്ച് വരുന്ന പോലെ തോന്നി. ഞാന്‍ തട്ടിമാറ്റി. ഒരു വല്ലാത്ത മണം പറന്നു.

"കോട്ടരുമ" -  മാമ എന്നെ നോക്കാതെ മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു.

ഞാനും മന്ത്രിച്ചു. "കോട്ടരുമ" അരുമ അല്ലാത്ത ഒരു തരം ജീവി. റബ്ബര്‍ കാടുകളില്‍ നിന്നും മനുഷ്യരെ തേടി പറന്നെത്തുന്ന ഒരു പ്രാണി. പുറത്ത്‌ എവിടെയോ ബഹളം വെക്കുന്ന തെണ്ടിപ്പട്ടികളുടെ ഒച്ച കേട്ട് തുറന്നുകിടക്കുന്ന വാതില്‍ വഴി ഞാന്‍ ഭയത്തോടെ നോക്കി.

"നായ്ക്കള്‍ ഇങ്ങോട്ടൊന്നും വരില്ല. മതിലുണ്ട്. ഇതൊക്കെ ഇവിടെ എത്ര കണ്ടതാ.."

മാമ എന്നെ ആശ്വസിപ്പിച്ചു.

സിനിമ തീര്‍ന്നു. ഞങ്ങള്‍ പുറത്തിറങ്ങി. ഏതാനും സൈക്കിളുകള്‍ നിരത്തിവെച്ചതില്‍ ഞങ്ങളുടെ സൈക്കിള്‍ തിരഞ്ഞെടുത്ത്‌ അതില്‍ കയറി പുറപ്പെട്ടു. നിദ്ര കണ്‍പോളകളെ കനം വെപ്പിച്ചു. തിരകെ വരുംവഴി ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. ഉറക്കം ഞങ്ങളെ പിടികൂടിയിരുന്നു. പിറകില്‍ ഇരുന്നു ഞാന്‍ മയക്കം ആയിതുടങ്ങി. വീട് എത്തിയത്‌ അറിഞ്ഞില്ല.

ഞങ്ങള്‍ എത്തിയത്‌ അറിഞ്ഞ ഉമ്മുമ്മ ഉറക്കം വിട്ടെഴുന്നെറ്റ്‌ വാതില്‍ തുറന്നുതന്നു ചോദിച്ചു.

"മുസ്ല്യാരുടെ വയള് എങ്ങനെ ഉണ്ടായിരുന്നു? എന്തായിരുന്നു വിഷയം?"

"അധോലോകം. നല്ല അടിപിടി. കലക്കി."

"എന്ത് ലോകം?"  ഒന്നും മനസ്സിലാകാതെ ഉമ്മുമ്മ ചോദിച്ചു.

ഉറക്കച്ചടവില്‍ സാഹചര്യം ഓര്‍ക്കാതെ ഞാന്‍ പറഞ്ഞത്‌ ഉമ്മുമയ്ക്ക് മനസ്സിലായില്ല. മാമ എന്നെ നുള്ളി കണ്ണിറുക്കി പറഞ്ഞു.

"അതെ ഉമ്മാ.. പരലോകം. നല്ല അടിപൊളി വിഷയം കലക്കായിട്ട് ചുഴലി മുസ്ല്യാര്‍ പറഞ്ഞു."

"ആ അതെന്നെ.."

എന്റെ കീശയില്‍ പ്രോജകടര്‍ ഓപ്പറേറ്റര്‍ തന്ന ഫിലിം റോള്‍ ഒരു അറ്റം പുറത്ത്‌ കിടക്കുന്നത് കണ്ട് ഉമ്മുമ്മ സംശയത്തോടെ അകത്തേക്ക് പോയി.

ഞങ്ങള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു.